room no 6

എലി

ആറിൽ വാടക കൊടുക്കാതെ താമസിച്ചിരുന്നതും , എന്നാൽ പകല്ലെന്നോ രാവെന്നോ ഇല്ലാതെ ഓടി നടന്നിരുന്നവനുമായ ടെനൻറ് ആയിരുന്നു എലി . എലി എന്നത് ഏകവചനമാണെങ്കിലും സത്യത്തിൽ ഐറ്റംസ് ബഹുവചനമായിരുന്നു . പത്താക്കയോ പാസ്പോർട്ടോ ഇല്ലാത്ത എലികൾക്ക് നാമകരണവും സെൻസസും വെച്ചത് കാദർഭായിയും സാലിയുമായിരുന്നു . ആലപ്പുഴക്കാരനായ കാദർഭായ് നടത്തിയ നാമകരണങ്ങൾ

    വലുപ്പമുള്ള എപ്പോഴും പോടാ പുല്ലേ ഭാവത്തിൽ നടക്കുന്നവൻ “തച്ചിലേടത്ത് ചുണ്ടൻ “(കടുത്ത മമ്മൂട്ടി ഫാനായ സാലിക്കയും ഈ പേരിന്റെ പിതൃത്വം അവകാശ പെടുന്നുണ്ട് )
    ഇരുട്ടത്ത് നാണിച്ച് നടക്കുന്ന എലി “നാണി ചുണ്ടൻ.”

(ആലപ്പുഴയും വള്ളം  കളിയും മനസ്സിൽ വെക്കുന്ന കാദർ ഭായ് വേറെന്ത് പേരിടാനാണ്.)എലിയെ കുറിച്ച് ചില ചർച്ചകളും നടക്കാറുണ്ട് .

കാദർ ഭായ് :- അതേയ് നമ്മട എലിയുണ്ടല്ലോ ?

സാലിക്ക :- ഏതു ?

കാ.ഭാ – ഹാ നാണി ചുണ്ടിയെ; അവളെ ഫെമിനിസ്റ്റാ ?

സാ. ക്കാ :- ( ഫെമിനിസ്റ്റ് എന്താന്നറിയില്ലെങ്കിലും ) ഇങ്ങള്‌ ബെറുതെ പറയല്ലാന്നു .

ക.ഭാ :- ഹേ വെറുതെയല്ലാന്നു ; ഞ്യാൻ ഒന്ന് ചോയിക്കട്ടെ – ഇത് വരെ അതിനെ നിങ്ങ അടുക്കളയിൽ കണ്ടിട്ടുണ്ടോ ; ശരിക്കൊന്നു ആലോചിക്ക് ?

സ.ക്ക – 🤔 ഏയ് ചെലപ്പോ ഞമ്മളില്ലാത്തപ്പോ കേറുന്നുണ്ടാവും .?

ചർച്ച മുറുകും ആസ് യൂഷ്വൽ നാണി ഫെമിനിസ്റ്റാണെന്നും അടുക്കളയിൽ കേറത്തിലെന്നും ഭായ് സമർ ഥിക്കും.

കാര്യം ഇങ്ങനെയാണെങ്കിലും എലിയെ പിടിക്കാനും ഒഴിവാക്കാനും തീരുമാനമായി . മെസ് ബഡ്ജറ്റിൽ എലിപെട്ടി പാസായതും എലി പെട്ടി വാങ്ങിയതും ശടപടെ ശടപടെ എന്നായിരുന്നു.

ബട്ട് ബോയ്സ് പെട്ടി വാങ്ങി 2 ഡേയ്സ് കഴിഞ്ഞും കെണി വെക്കാനുള്ള യാതൊരു ഭാവവും കാണാത്തപ്പോൾ ബാക്കി മെംബേർസ് ബഹളം തുടങ്ങി. അഴിമതി ആരോപണം പോലും ഉന്നയിക്കപ്പെട്ടു ( ഇന്റ 2 ഉറുപ്പിയെനകൊണ്ട് ഞാൻ നാട്ടിൽ 2 ഏക്കർ വാങ്ങുന്നല്ലേ എന്ന് ആട്ടു സ.ക്കാ നടത്തി ) . ഒടുവിൽ ബോയ്സ് സത്യം പറഞ്ഞു. എലി പ്രവസിച്ചിട്ടുണ്ട് ബട്ട് കുളൈന്തകൾ എവിടെയെന്ന് മാഫി മാലും , സോ ഇപ്പൊ കഷ്മലൻസ് കെണി വെച്ച് നാണി കുടുങ്ങിയാൽ കൊച്ചുങ്ങൾ പട്ടിണിയാവും ചാവും റൂം നാറും.

എന്തായാലും 2 ആഴ്ച കഴിഞ്ഞപ്പോ കൂടുതൽ നാമകരണങ്ങൾ അരങ്ങേറി

വടക്കേടത്ത് ചുണ്ടൻ ( കൃത്യം വടക്കോട്ടു ഓടുന്നവൻ )

ഷുണ്ടൻ ( ഷൂ റാക്കിൽ ഓടി കേറുന്നവൻ)

പടിഞ്ഞാറ്റ ചുണ്ടൻ ( അത് ഹിദായത്ത് കിട്ടിയ ദീനിയായ എലിയാ കൃത്യം മുസല്ല വെക്കുന്ന സ്ഥലത്തേക്ക് ഓടി കയറും )

പേരിടലും സെൻസസും ഒഴിവാക്കി ബോയ്സിനോട് എലിയെ പിടിക്കണം മിഷ്ടർ എന്ന് മലബാറീസ് പറഞ്ഞപ്പോളാണ് സാലിക്ക കെണി വെക്കാൻ തുടങ്ങിയത് . ആദ്യം വെച്ചത് തക്കാളി ആയിരുന്നു . സ്ഥിരമായി വേസ്റ്റ് ബിന്നിൽ നിന്നും ചിക്കൻ നക്കിയ എലി പരിഗണിച്ചില്ല , പിന്നെ ഉണക്കമീൻ വെച്ചു . ബട്ട് ഫ്രഷ് മീൻ തന്നെ അടിച്ചു മാറ്റി കൊണ്ടിരുന്ന എലി പുഛിച്ചു , അറ്റ കൈ എന്ന നിലയിൽ തേങ്ങാ ചുട്ട് വെച്ചെങ്കിലും എലി തിരിഞ്ഞു നോക്കിയില്ല .

കാര്യങ്ങൾ ഇങ്ങനെ കൊഴഞ്ഞു മറിയുമ്പോൾ ശാക്കിർ ഭായ് ഒരുകടുംകൈ ചെയ്തു, അടിച്ചു കോൺ തെറ്റിയ ഒരു രാത്രി നല്ല ഫ്രൈ ചെയ്ത സോസേജ്‌ കെണിയിൽ വെച്ചു . എലി വീണു 🙄. രാത്രി നൈറ്റ്  ഡ്യൂട്ടി കഴിഞ്ഞു  ഞാനെത്തുമ്പോൾ ശാക്കിർ ഭായി എലിയോട് സംവദിക്കുന്നു .(മൂപ്പരുടെ തന്നെ ട്രാന്സലേഷൻ )

ഷാ.ഭാ :- ഡാഷേ ഇന്ന കൊല്ലാൻ പോവുന്നാണ്

എലി :- ബട്ട് വൈ ?

ഷാ.ബാ. ഇഞ്ഞിവിടെ രോഗം വരുത്തും .പോരാത്തതിന് ഇനിക്ക് പാസ്സ്പോർട് ഇണ്ടോ ? ഫീ പത്താക്ക .

എലി :- ക്യാ ഹേ ഭായിജാൻ , ഇങ്ങളിപ്പോ കേറ്റിയ സാധനത്തിൽ ഇത് കുടിക്കരുത് കേടാണ് എന്നെഴുതിയിട്ടില്ലേ ? ആദ്യം അത് നിർത്തണം മിഷ്ടർ . പോരാത്തതിന് കാപ്പിറ്റൽ പണിഷ്മെന്റ് പാർട്ടി നയത്തിന് എതിരാണ്.

തികഞ്ഞ കമ്മുണിസ്റ്റായ ഭായി അതിൽ വീണു.

എലിയെ എന്താക്കും എന്ന ചർച്ച വന്നു .(എലിയും ഭായിയും തമ്മിലായിരുന്നു ചർച്ച , ഞാൻ കുബ്ബൂസും സോസേജുമടിക്കുന്നേനും സത്യം)

ക്രിയേറ്റിവിറ്റിയുടെ ഉസ്താദായ ശാക്കിർ ഭായി തന്നെ ശിക്ഷ വിധിച്ചു . താഴെ ഉള്ള പാകിസ്ഥാനികൾ കിളിയെ ദാനം ചെയ്യാൻ വെച്ച കൂട്ടിൽ കൊണ്ടിടാ.

(ഒന്നാം നമ്പറിലെ പാക്കി ബോയ്സ് ഇടക്കിടക്ക് കിളികളെ വാങ്ങുമെങ്കിലും ആരെങ്കിലും കക്കും , കൊല്ലാനാണോ വളർത്താനാണോ എന്ന് ആർക്കും അറിയിയില്ല,ഒരിക്കൽ ബോയ്സ് പോലീസിനെ വിളിച്ചെങ്കിലും സംഗതി തെളിഞ്ഞില്ല , ആറിലെ സിസിടിവി കോഴി പാക്കാക്കിയത് കൊണ്ട് ആ ഓപ്‌ഷനും ഇല്ല . കിളിയെ വളർത്താൻ വച്ച കൂട്ടിൽ ഇപ്പൊ ശാക്കിർ ഭായി കൊണ്ടിട്ട എലിയെ വളർത്തുന്ന പാക്ക് ബോയ്സിന് നമോ വാകം . തച്ചിലേടത്ത് ചുണ്ടനെ നഷ്ട്ടപെട്ട സാലിക്കാകും കാദർ ഭായിക്കും അനുശോചനങ്ങൾ )

എന്തായാലും പാകിസ്ഥാനികൾ ഹാപ്പിയാണ് കൂട്ടിലൊരു പ്രജ ഉണ്ട് ആരുമിതുവരെ കട്ടിട്ടില്ല

dubai · room no 6

ഉവൈശ് മോൻ

അറബികോളേജിലെ പഠിപ്പ് കഴിഞ്ഞു ഉവൈശ് മോൻ നേരെ ജോലിക്ക് കയറി. പഠിച്ചത് അറബിയാണെങ്കിലും കേറിയ പണി പാണ്ടി ലോറിയിൽ ക്ളീനറായാണ്🙁. ദേശ ഭാഷാന്തരങ്ങളിൽ ക്ളീനർക്ക് ഡയലോഗ്സ് കുറവാണെന്നും അറബി ഇന്ത്യയിൽ സംസാരിക്കുന്നില്ല എന്നും ടിയാൻ മനസിലാക്കി . എങ്കിലും പാർട്ടിക്കാർക്ക് കട്ടനടിച്ചു കൊടുത്തവൻ ഒന്നാതരം കുക്കായി എന്ന് പറഞ്ഞാൽ മതിയല്ലോ. പോരാത്തതിന് 407 ഓടിക്കാനും പഠിച്ചു .സംഗതി കളറായി പോവുമ്പോളാണ് വാളയാർ ചെക്ക്പോസ്റ്റിലെ അള്ളു ,മോന്റെ ജീവിതം മാറ്റി മറിക്കുന്നത്. അള്ളു കേറി പഞ്ചറായ ടയർ നന്നാക്കാൻ ജാക്കിക്ക് പകരം ഇരുട്ടത്തു ഡ്രൈവൻ വലിച്ചത് ഉവൈശിനെ ആയിരുന്നു . ഭാരകുറവ് തോന്നി തോന്നി വല്ല കമ്പുമാകും എന്ന് കരുതി വഴിയിലുടുകയും ചെയ്തു. എന്തായാലും ടയർ മാറ്റി ഒന്നൊന്നര കിമി കഴിഞ്ഞപ്പോഴാണ് “അന്ത തിരുട്ടു പയ്യനെ കാമി” എന്ന് പാണ്ടി ചിന്തിക്കുന്നതും വണ്ടി റിവേഴ്‌സ് അടിക്കുന്നതും. കുറ്റികാട്ടിൽ കിടന്ന മോനെ സിൽമയിൽ കാണുമ്പോലെ ആദിവാസികൾ രക്ഷപെടുത്തിയില്ല , പാണ്ടി തന്നെ ആ കർമം നിർവഹിച്ചു .എന്തായാലും മൂപ്പിലിസ് അതോടെ ക്ളീനർ കം ഹെൽപ്പർ കം കുക്ക് പോസ്റ്റിൽ നിന്നും രാജിയാവുകയും , 90% മലബാറീസിനെ പോലെ ദുഫായിലേക്ക് സ്കൂട്ടാവുകയും ചെയ്തു.

ദുഫായിയിൽ തന്റെ പാർട്ടി ബന്ധവും അറബിയും വെച്ച് ഷേക്കാവാം എന്ന് കരുതിയാണ് എത്തിയതെങ്കിലും ഒന്ന് രണ്ടാഴ്ചക്കുള്ളിൽ ഷേക്ക് വേണ്ട ഷേക്കടിക്കുന്ന കഫ്‌റ്റേരിയാ ബോയ് ആവാനും മൂപ്പർ റെഡിയായി. ബട്ട് ബോയ്‌സ് അവിചാരിതമായി മൂപ്പർ ഷാജിപാപ്പാന്റെ മുന്നിൽ പെടുകയും ടിയാന്റെ കൊള്ളസംഗത്തിൽ മാർക്കറ്റിങ് മാനേജർ പോസ്റ്റ് ഒഴിച്ചിട്ടിട്ടുണ്ട് അതിലേക്ക് ജാലിയൻ കണാരനോട് നെഹ്‌റു പറഞ്ഞ പോലെ “നിങ്ങളെന്നെ ആകണം” എന്നറിയിക്കുകയും ചെയ്തു . ബട്ട് കാണാരേട്ടനെ പോലെ അല്ലായിരുന്നു ഉവൈശ് ,മേപ്പടിയാൻ കബൂൽ മൂളി മാനേജരാവുകയും റൂം നമ്പർ ആറിലെ ബി ഫ്‌ലാറ്റ് കമ്പനി ഫ്ലാറ്റായി എടുക്കുകയും വിത്ത് ഷാജി പാപ്പൻ ആൻഡ് ടീമായി കേറി താമസം തുടങ്ങുകയും ചെയ്തു.

Debit what comes in, credit what goes out. 

എന്ന ബേസിക്ക് വെച്ച് ക്രെഡിറ്റുകൾ രേഖപ്പെടുത്തിയെങ്കിലും ബ്ലഡി ക്രെഡിറ്റേഴ്‌സ് ഡെബിറ്റാൻ ഒന്നും കൊടുക്കുന്നില്ല എന്ന സത്യം മനസിലാക്കിയപ്പോഴാണ് ഓപ്പറേഷൻസ് കോസ്റ്റ് കുറക്കാൻ ആറിലെ ഫ്‌ളാറ്റിൽ 2 കഷ്മലന്സിനെ കയറ്റാം എന്ന് തീരുമാനിക്കുന്നത് . റിയാസ്‌ക്കാ തൻസി ഷാഹി എന്നിവരുടെ കൂട്ടായ ഗുഡ് സർട്ടിഫിക്കറ്റിൽ ഞാനും അൻസാഫും പാക്കേജ് ഡീലായി ആറിലെത്തുന്നതും(പിന്നെയും കോസ്റ്റ് കുറക്കാൻ ശ്രമിച്ചതിന്റെ ഭാഗമായാണ് കോഴിയും കുഞ്ഞിക്കോഴിയും എത്തിയത്).

എന്തായാലും കമ്പനിയിൽ ക്ലയന്റ്സിനൊപ്പം കിട്ടാക്കടവും വർദ്ധിച്ചപ്പോൾ ബെർതെ ചെലവല്ലേ അത് കൊണ്ട് ഇജ്ജ് നോക്ക് എന്ന് പറഞ്ഞു കമ്പനി മോന്റെ കൈയ്യിലേൽപ്പിച്ച് പാപ്പൻ നാട് പിടിച്ചു .

വീണ്ടും ചെലവ് കുറക്കാൻ ഉവൈഷ് കൊണ്ടുവന്ന താടിക്കാരൻ റൂമിലേക്ക് ചിക്കൻപോക്സ് സൗജന്യമായി കൊണ്ടുവന്നു. ( ഫലം അടപടലം ചിക്കൻപോക്സ് ) എന്തായാലും എല്ലാരേയും ഉവൈഷ് പരിചരിച്ചു . എല്ലാർക്കും വാരിവാരി കൊടുത്തെങ്കിലും ടിയാനെ മാത്രം പോക്സ് പരിഗണിച്ചില്ല . ഒരു വേള ഏകകോശ ജീവികളുടെ ലിസ്റ്റിലാണോ ടിയാനെന്നും , മുൻപ് പോക്സ് വന്നത് കൊണ്ടാണ് ധൈര്യമെന്നും എന്നും വരെ തീയറികൾ നിരന്നു. എന്തായാലും ഉവൈശിന്റെ സേവനസന്നദ്ധത എല്ലാരും പ്രശംസിച്ചു ; നേരെ പ്രശംസിച്ച എന്നോട് മൂപിൽസ് പറഞ്ഞു ” ചെങ്ങായിയെ അത് വന്ന്ക്കേല് ഒരാഴ്ച പണിക്ക് പോണ്ടെന്നും , എവടെ പുല്ലു ”

(എന്തായാലും ഇപ്പൊ ഉവൈഷ് മോൻ ഡ്രൈവനാണ് ഒരു അസ്സിസ്റ്റന്റുംഉണ്ട് ഇനി എപ്പോഴെങ്കിലും അള്ളു വീണു അസിസ്റ്സ്ന്റ് തൂക്കി എറിയും വരെ ദുഫായിൽ നിക്കാനാണ് ഭാവം)

dubai · room no 6

ആറിലെ ക്ലോക്ക്‌

Even a broken clock is right twice a day. 

Proverb

നിലച്ച ക്ലോക്ക്‌ പോലും ദിവസത്തിൽ രണ്ടു തവണ ശരിയായ സമയം കാണിക്കുമെങ്കിലും Room no: 6 ലെ ക്ലോക്കിനു ഇത്‌ ബാധകമായിരുന്നില്ല.കാരണം എപ്പൊഴും 10 മിനിറ്റ്‌ ഫാസ്റ്റായിരിക്കും. ഈ ക്ലോക്ക്‌ വാങ്ങിച്ചതാരാണെന്നു 6 ന്റെ ചരിത്രത്തിൽ രേഖപെടുത്തിയിട്ടില്ല.

  • ടി.വി ഉവൈസും കമ്പിനിയും,
  • വാഷിംഗ്‌ മഷീൻ വിപിയും പാർട്ടിയും
  • കബോർഡുകൾ നസീർക്കാന്റെ വില്ല ഒഴിപ്പിക്കുംബോൾ,
  • വല്യ ചെമ്പുകൾ ഉസ്താദ്‌ മെസ്സ്‌ ഒഴിയുംബോൾ,
  • അക്വാറിയം 9 ലെ ആളു കൊടുത്തത്‌

ഇങ്ങനെ എല്ലാത്തിനും കൃത്യമായ ക്രോണോളജി ഉള്ളപ്പോഴാണു ക്ലോക്ക്‌ ഒരു സമസ്യ ആവുന്നത്‌.കാലൊടിഞ്ഞ മേശ പോലെ തലമുറകൾക്ക്‌ കൈമാറി കിട്ടിയതാണു. 10 കൊല്ലം റൂമിൽ നിന്ന സാലികാക്ക്‌ പോലും ഇതാദ്യേ ഇള്ളതാ എന്ന ഒഴുക്കൻ മറുപടി മാത്രമായിരിക്കും.

ഇസ്തിരിപെട്ടിയുടെ സ്വിച്ച്‌ ഓഫാക്കുക. വെള്ളം പാഴാക്കരുത്‌, ഫാനും ലൈറ്റും ഓഫ്‌ ചെയ്യുക ഹാളിൽ പുകവലി പാടില്ല തുടങ്ങിയ ബോർഡുകൾ 6 ൽ ഉണ്ടെങ്കിലും, ക്ലോക്കിൽ സമയം ആവശ്യത്തിനു നോക്കുക എന്ന ബോർഡ്‌ മാത്രം ഇല്ല. സമയത്തിനെ മെരുക്കാൻ കഴിയാത്ത കൊണ്ടാണോ,അതല്ല സമയം ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല.എല്ലാവർക്കും യഥേഷ്‌ടം ഉപയോഗിക്കാൻ ക്ലോക്ക്‌ ചുവരിൽ തൂങ്ങി കിടന്നു

ക്ലോക്കിൽ ബാറ്ററി തീരുമ്പോളാണ് റൂമിൽ അരാജകത്വം ആരംഭിക്കുക. എല്ലാവന്റെ കൈയില്ലും വാച്ചും മൊബൈ ലും ഉണ്ടെങ്കിലും ക്ലോക്ക്‌ ശരിയാവും വരെ റൂമിൽ അസ്വസ്ഥത തന്നെയായിരിക്കും. എന്നാലോ എല്ലാ ബോയ്സും ബാറ്ററി വാങ്ങാൻ കൃത്യമായി മറക്കുകയും ചെയ്യും

ഒരിക്കലോ മറ്റോ ഒരു ദിവസം ആരൊ ക്ലോക്കിൽ സമയം ശരിയാക്കി വെച്ചു. 2 കട തുറക്കാൻ വൈകി ഞാനുൾപെടെ ഉള്ളവർക്ക്‌ വണ്ടി മിസ്സായി. രാത്രിക്ക്‌ രാത്രി ക്ലോക്കിലെ സമയം റൂം നംബർ :6 സ്റ്റാണ്ടേർടിലേക്ക്‌ തിരിച്ചു വന്നു.

എല്ലാവരെയും ആശ്വസിപ്പിക്കാൻ 10 വർഷമായി 10 മിനുട്ട്‌ നേരത്തെ ഓടുന്ന ക്ലോക്ക്‌ 6 ന്റെ പൊതു സ്വത്താണു. കൃത്യസമയം കാണിച്ചിലെങ്കിലും താൽകാലികമായ സമാധാനം അത്‌ തരുന്നുണ്ട്‌. റിയാസ്ക്ക പറയുംബോലെ “കുറച്ചു കൂടി സമയമയമുണ്ടെന്ന ആശ്വാസം”.

(ക്ലോക്കിന്റെ നേരെ ജൂനിയരായി റൂമിലുള്ള സാലീക്ക ക്ലോക്ക്‌ ചരിത്രത്തിനൊപ്പം സ്വന്തം ടൈം ലൈനും നോക്കി. 18 കൊല്ലം 🙄. ആഹ്‌ കുബ്ബൂസായും പൊറോട്ടയായും രണ്ടര ചാക്ക്‌ മൈദ തിന്നു 😬, വേറെന്ത്‌😬)