മൊതലാളി ദുഫായിക്കാരനാവും മുൻപ് ബോംബൈക്കാരനായിരുന്നു. അച്ചിയുടെയും, അച്ചിയുടെ ഉപ്പാന്റെയും ഫ്രന്റ്ലിസ്റ്റിൽ മൊതലാളി ഉണ്ടായിരുന്നു. മൊതലാളിക്ക് കാര്യമായി മൊതലൊന്നും ഇണ്ടായിരുന്നില്ല. ബട്ട് പാർട്ട്ണർഷിപ്പിൽ മേൽ വാടകക്ക് എടുത്ത് നടത്തുന്ന കടയിൽ ഇൻസൈടാക്കി മുന്നിൽ നിക്കുംബോൾ ഉള്ള ലുക്ക് കാരണം ടിയാൻ മണ്ണൻ കൊതലാളി എന്നു രഹസ്യമായും , മൊതലാളി എന്ന് പരസ്യമായും അറിയപ്പെട്ടു.മൂപ്പരെ നമ്മൾ മണ്ണൻ കൊതലാളി എന്നു രഹസ്യമായി വിളിച്ചിരുന്നത് പരസ്യമായി തുടങ്ങിയപ്പോളാണു മൂപ്പർ സ്വയം മുതലാളി എന്നു ബ്രാന്റ് ചെയ്യാൻ ആരംഭിച്ചത്.കൊതുവിന്റെ മങ്ങല ദിവസം ഓന്റ പൊരക്ക് വിളിച്ച് മൊതലാളി അത് ഉത്ഘാടിച്ചു.
മൊതലാളി;ഹലോ ഷഹീറിന്റെ പൊര അല്ലെ, ഷഹീറുണ്ടൊ?
വീട്ടുകാരൻ : ഓൻ കൊറച്ച് തെരക്കിലാ ആരേനും?
മൊതലാളി: ഞാൻ റഫീക്ക് മൊതലാളി
ഫോൺ കട്ട്….
പിന്നെ പിന്നെ മൊതലാളി സെൽഫ് ബ്രാന്റിങ്ങിൽ ഒരു സൈക്യാർറ്റിസ്റ്റും, സോറി ഒരു മുതലാളിയും സഞ്ചരിക്കാത്ത വഴിലൂടെ സഞ്ചരിച്ചു. ഒരു ഭ്രാന്തനെ പോലെ ( ആവാൻ വഴിയില്ല , ഭ്രാന്തനായി തന്നെ ആയിരിക്കും).
ജബലുന്നൂറിലെ ഡെലിവറി ബോയ്ക്ക് 10 ദിർഹം ടിപ്പ് കൊടുത്ത് മൊതലാളി പറഞ്ഞു” ഹമാര നാം യാദ് രഖോ, മൊതലാളി , അഗർ കോയി കം ടിപ്പ് ദിയാ തോ ഹംക്കൊ പൂച്ച്നാ.” (ഡേയ് പയ്യൻ എന്റെ പേരു മൊതലാളി , ഇനിക്കാരെങ്കിലും നക്കാപിച്ച ടിപ്പ് തന്നാൽ എന്നെ വിളിക്ക് (ഗൂഗിൾ ട്രൻസലേറ്റ്))
പിറ്റേ ആഴ്ച കാഷ് കൊടുക്കുംബോൾ അച്ചി വെറും എച്ചി ആവുകയും ഒന്നര ദിർഹം മാത്രം ടിപ്പുകയും ചെയ്തപ്പോൾ ബംഗാൾ ബോയ് പാതിയടഞ്ഞ വാതിലിലൂടെ തലയിട്ട് ചോദിച്ചു ” മൊതലാളി നഹി ഹേൻ ക്യാ”?.നമ്മൾ സസിയും സസികലയും ആയിപോയി.
ബട്ട് ബോയ്സ് മൊതലാളിയെ കാണും മുൻപ് തന്നെ മൊതലാളിയെ കുറിച്ച് ഞാൻ കേട്ടിരുന്നു. ഹാജിമസ്താന്റെയും ദാവൂദിന്റെയും പാരലലായി മുംബൈ നഗരം ഓടുന്ന കാലം. ഒരു കല്യാണ വീട്ടിലെ വട്ട മേശയിൽ ആരോ പറഞ്ഞു കേട്ട കഥയിലെ കഥാപാത്രം മൊതലാളിയായിരുന്നു.
ലാപ്പ്ടോപ്പ് എന്താണെന്നു അധികമാർക്കും അറിയാത്ത കാലം , അന്ത പുണ്യ പുരാതനകാലത്ത്, മൊതലാളി നടത്തിയിരുന്ന ഇലക്ട്രൊണിക്സ് പെട്ടികടയിലേക്ക് ഒരുത്തൻ ഒരു പെട്ടിയുമായി വരുന്നു. ഇത് ലാപ്ടോപ്പാണെന്നും എന്ത് വെലക്ക് എടുക്കുമെന്നും ചോദിക്കുന്നു.മൊതലാളി അന്ന് വരെ ലാപ്ടോപ്പെന്നു കേട്ടിട്ടില്ലാത്തതിനാൽ സാധനം ഇവിടെ വെക്ക് ഉച്ചക്ക് വാ എന്നു പറഞ്ഞു വിട്ടു.
കൂട്ടത്തിൽ ഏറിപോയാൽ ഒരു പത്തായിരമെ കിട്ടു എന്ന് വിൽക്കാൻ വരുന്നവനെ ഓർമ്മിപ്പിക്കുന്നു.
പിന്നെ മൊതലാളി അന്വേഷണം ആരംഭിച്ചു പതിനായിരം പറഞ്ഞ മൊതലിനു, എൺപതിനായിരം വരെ സ്കോപ്പുണ്ടെന്നറിഞ്ഞ മൊതലാളി ത്രില്ലടിച്ചു.എസ്.റ്റി.ഡി ബുക്ക് ചെയ്ത് മൊതലാളി നാട്ടിലേക്ക് വിളിച്ചു, ഉമ്മാനോടു 2 പശുവിനെ വാങ്ങിച്ചോളാൻ സമ്മതം കൊടുത്തു കൂട്ടത്തിൽ 2 പവനും. ബോയ്സ് പവനു മൂവായിരമോ നാലായിരമോ ഉള്ള കാലാമാണു. ഉച്ചക്ക് വിൽക്കാൻ കൊണ്ട്കൊടുത്തവൻ എത്തി. 10 നു പകരം 12 കൊടുത്ത് മൊതലാളി അവനെ പറഞ്ഞു വിട്ടു. പിറ്റേന്നു ഉച്ചയോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു.സത്യത്തിൽ ആ ലാപ്പ്ടോപ്പ് ഒരു ബഹുരാഷ്ട്ര കുത്തകയുടെ C.E.O ന്റെ തായിരുന്നു. ബോംബയിൽ നിന്നും മോഷ്ടിക്കപ്പെട്ടത്.
സിസിടിവി യൊക്കെ കണ്ടു പിടിക്കുന്നതിനു മുൻപായിട്ട് പോലും പോലീസ് കൃത്യമായി മൊതലാളിയുടെ കടയിൽ എത്തി. കേസൊതുക്കാൻ , നാട്ടിലെ പശുവിനെയും, 2+20 പവനും, പിന്നെ ചോപ്പടി എന്ന പെട്ടികടയും വിറ്റ് മൊതലാളി ദുഫായിക്കാരനായി., ഭൂതകാലത്തെ ബ്ലാങ്കറ്റ് കൊണ്ട് മറച്ച് 103ൽ മൂടിപുതച്ച് കിടന്നു.