dubai · room no 6

ഉവൈശ് മോൻ

അറബികോളേജിലെ പഠിപ്പ് കഴിഞ്ഞു ഉവൈശ് മോൻ നേരെ ജോലിക്ക് കയറി. പഠിച്ചത് അറബിയാണെങ്കിലും കേറിയ പണി പാണ്ടി ലോറിയിൽ ക്ളീനറായാണ്🙁. ദേശ ഭാഷാന്തരങ്ങളിൽ ക്ളീനർക്ക് ഡയലോഗ്സ് കുറവാണെന്നും അറബി ഇന്ത്യയിൽ സംസാരിക്കുന്നില്ല എന്നും ടിയാൻ മനസിലാക്കി . എങ്കിലും പാർട്ടിക്കാർക്ക് കട്ടനടിച്ചു കൊടുത്തവൻ ഒന്നാതരം കുക്കായി എന്ന് പറഞ്ഞാൽ മതിയല്ലോ. പോരാത്തതിന് 407 ഓടിക്കാനും പഠിച്ചു .സംഗതി കളറായി പോവുമ്പോളാണ് വാളയാർ ചെക്ക്പോസ്റ്റിലെ അള്ളു ,മോന്റെ ജീവിതം മാറ്റി മറിക്കുന്നത്. അള്ളു കേറി പഞ്ചറായ ടയർ നന്നാക്കാൻ ജാക്കിക്ക് പകരം ഇരുട്ടത്തു ഡ്രൈവൻ വലിച്ചത് ഉവൈശിനെ ആയിരുന്നു . ഭാരകുറവ് തോന്നി തോന്നി വല്ല കമ്പുമാകും എന്ന് കരുതി വഴിയിലുടുകയും ചെയ്തു. എന്തായാലും ടയർ മാറ്റി ഒന്നൊന്നര കിമി കഴിഞ്ഞപ്പോഴാണ് “അന്ത തിരുട്ടു പയ്യനെ കാമി” എന്ന് പാണ്ടി ചിന്തിക്കുന്നതും വണ്ടി റിവേഴ്‌സ് അടിക്കുന്നതും. കുറ്റികാട്ടിൽ കിടന്ന മോനെ സിൽമയിൽ കാണുമ്പോലെ ആദിവാസികൾ രക്ഷപെടുത്തിയില്ല , പാണ്ടി തന്നെ ആ കർമം നിർവഹിച്ചു .എന്തായാലും മൂപ്പിലിസ് അതോടെ ക്ളീനർ കം ഹെൽപ്പർ കം കുക്ക് പോസ്റ്റിൽ നിന്നും രാജിയാവുകയും , 90% മലബാറീസിനെ പോലെ ദുഫായിലേക്ക് സ്കൂട്ടാവുകയും ചെയ്തു.

ദുഫായിയിൽ തന്റെ പാർട്ടി ബന്ധവും അറബിയും വെച്ച് ഷേക്കാവാം എന്ന് കരുതിയാണ് എത്തിയതെങ്കിലും ഒന്ന് രണ്ടാഴ്ചക്കുള്ളിൽ ഷേക്ക് വേണ്ട ഷേക്കടിക്കുന്ന കഫ്‌റ്റേരിയാ ബോയ് ആവാനും മൂപ്പർ റെഡിയായി. ബട്ട് ബോയ്‌സ് അവിചാരിതമായി മൂപ്പർ ഷാജിപാപ്പാന്റെ മുന്നിൽ പെടുകയും ടിയാന്റെ കൊള്ളസംഗത്തിൽ മാർക്കറ്റിങ് മാനേജർ പോസ്റ്റ് ഒഴിച്ചിട്ടിട്ടുണ്ട് അതിലേക്ക് ജാലിയൻ കണാരനോട് നെഹ്‌റു പറഞ്ഞ പോലെ “നിങ്ങളെന്നെ ആകണം” എന്നറിയിക്കുകയും ചെയ്തു . ബട്ട് കാണാരേട്ടനെ പോലെ അല്ലായിരുന്നു ഉവൈശ് ,മേപ്പടിയാൻ കബൂൽ മൂളി മാനേജരാവുകയും റൂം നമ്പർ ആറിലെ ബി ഫ്‌ലാറ്റ് കമ്പനി ഫ്ലാറ്റായി എടുക്കുകയും വിത്ത് ഷാജി പാപ്പൻ ആൻഡ് ടീമായി കേറി താമസം തുടങ്ങുകയും ചെയ്തു.

Debit what comes in, credit what goes out. 

എന്ന ബേസിക്ക് വെച്ച് ക്രെഡിറ്റുകൾ രേഖപ്പെടുത്തിയെങ്കിലും ബ്ലഡി ക്രെഡിറ്റേഴ്‌സ് ഡെബിറ്റാൻ ഒന്നും കൊടുക്കുന്നില്ല എന്ന സത്യം മനസിലാക്കിയപ്പോഴാണ് ഓപ്പറേഷൻസ് കോസ്റ്റ് കുറക്കാൻ ആറിലെ ഫ്‌ളാറ്റിൽ 2 കഷ്മലന്സിനെ കയറ്റാം എന്ന് തീരുമാനിക്കുന്നത് . റിയാസ്‌ക്കാ തൻസി ഷാഹി എന്നിവരുടെ കൂട്ടായ ഗുഡ് സർട്ടിഫിക്കറ്റിൽ ഞാനും അൻസാഫും പാക്കേജ് ഡീലായി ആറിലെത്തുന്നതും(പിന്നെയും കോസ്റ്റ് കുറക്കാൻ ശ്രമിച്ചതിന്റെ ഭാഗമായാണ് കോഴിയും കുഞ്ഞിക്കോഴിയും എത്തിയത്).

എന്തായാലും കമ്പനിയിൽ ക്ലയന്റ്സിനൊപ്പം കിട്ടാക്കടവും വർദ്ധിച്ചപ്പോൾ ബെർതെ ചെലവല്ലേ അത് കൊണ്ട് ഇജ്ജ് നോക്ക് എന്ന് പറഞ്ഞു കമ്പനി മോന്റെ കൈയ്യിലേൽപ്പിച്ച് പാപ്പൻ നാട് പിടിച്ചു .

വീണ്ടും ചെലവ് കുറക്കാൻ ഉവൈഷ് കൊണ്ടുവന്ന താടിക്കാരൻ റൂമിലേക്ക് ചിക്കൻപോക്സ് സൗജന്യമായി കൊണ്ടുവന്നു. ( ഫലം അടപടലം ചിക്കൻപോക്സ് ) എന്തായാലും എല്ലാരേയും ഉവൈഷ് പരിചരിച്ചു . എല്ലാർക്കും വാരിവാരി കൊടുത്തെങ്കിലും ടിയാനെ മാത്രം പോക്സ് പരിഗണിച്ചില്ല . ഒരു വേള ഏകകോശ ജീവികളുടെ ലിസ്റ്റിലാണോ ടിയാനെന്നും , മുൻപ് പോക്സ് വന്നത് കൊണ്ടാണ് ധൈര്യമെന്നും എന്നും വരെ തീയറികൾ നിരന്നു. എന്തായാലും ഉവൈശിന്റെ സേവനസന്നദ്ധത എല്ലാരും പ്രശംസിച്ചു ; നേരെ പ്രശംസിച്ച എന്നോട് മൂപിൽസ് പറഞ്ഞു ” ചെങ്ങായിയെ അത് വന്ന്ക്കേല് ഒരാഴ്ച പണിക്ക് പോണ്ടെന്നും , എവടെ പുല്ലു ”

(എന്തായാലും ഇപ്പൊ ഉവൈഷ് മോൻ ഡ്രൈവനാണ് ഒരു അസ്സിസ്റ്റന്റുംഉണ്ട് ഇനി എപ്പോഴെങ്കിലും അള്ളു വീണു അസിസ്റ്സ്ന്റ് തൂക്കി എറിയും വരെ ദുഫായിൽ നിക്കാനാണ് ഭാവം)

Leave a Reply