103 days · dubai

അൽ പാരി

കൊന്നതെങ്ങിനോളം ഉയരം, മരുഭൂമിയിലെ മരുപ്പച്ച പോലെ അങ്ങിങ്ങായി മുഖത്ത്‌ താടി രോമങ്ങൾ ഫോണിലേക്ക്‌ തന്നെ നോക്കി കെടപ്പ്‌, ഈ സൈസ്‌ സാധനത്തെ നിങ്ങൾ 103 ൽ കണ്ടാൽ ഉറപ്പിക്കുക നിങ്ങളുടെ മുന്നിലുള്ളത്‌ പാരിയാണു.

ഒടുക്കത്തെ ഹൈറ്റായത്‌ കൊണ്ട്‌ പാരിക്കൊപ്പം സെൽഫി എടുക്കാൻ ഞങ്ങൾ മുതിരാറില്ല, കാരണം സെൽഫിയിൽ നമ്മൾ സി.സി.ടി.വിയിൽ കള്ളൻ കുടുങ്ങിയ പോലെയെ കിട്ടു. അത്‌ പോലെ പാരിയുടെ ഫുൾസൈസ്‌ ഫോട്ടൊയും അപൂർവമാണു (ക്യാമറയിൽ കൊള്ളണ്ടെന്നു😬)

103ലെ സിനിമാക്ലോപീടിയ അച്ചിയായിരുന്നെങ്കിലും മലയാളവും തമിഴും അപൂർവമായി ഹിന്ദിയും കാണുന്നതൊഴിച്ചാൽ ഇംഗ്ലീഷിൽ കാര്യമായി മൂപ്പിൽസ്‌ കൈവെക്കാറില്ലായൊരുന്നു. Iron man സിനിമക്ക്‌ അരപറക്കുംതളിക മാത്രം കൊടുത്ത അച്ചി വിശ്വപ്രസ്സിദ്ധ ചിത്രമായ അവതാറിനു ഓണറ റി മെൻഷൻ പോലും കൊടുത്തിട്ടില്ല, ടിയാനെ സംബന്ധിച്ചു അവതാർ വിയറ്റ്നാം കോളനിയുടെ കോപ്പി മാത്രമാണു കൊറച്ചതികം കാഷെറക്കിയ കോപ്പി.

അവിടെയാണു പാരി കടന്നുവരുന്നത്‌. പാരിക്ക്‌ ക്ലാസ്സും മാസ്സും ഒരു പോലെ ആസ്വദിച്ചു കാണാനറിയാമായിരുന്നു. കിം ഡൂക്കും ,കിംഗ്‌ കോംഗും പാരിയുടെ കണ്ണിൽ തുല്യമായിരുന്നു.

ഹോളീവുഡ്‌ കഴിഞ്ഞാൽ പാരിയുടെ അടുത്ത ലൈക്ക്‌ സ്പോർട്‌ സ്‌ ആയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ്‌ ടീം, കേരളാ ബ്ലാസ്റ്റേർസ്സ്‌ , അർജന്റീനാ യൂ സീ ദ ഐറണി ഡോണ്ട്‌ യു?😏

അങ്ങനെ 103ലെ മൂട്ടകൾക്ക്‌ കൂട്ട്‌ കിടക്കുമ്പോളാണ് നാട്ടിൽ പാരിക്ക്‌ പെണ്ണാലോചന തുടങ്ങുന്നത്‌. ബട്ട്‌ പാരിക്ക്‌ കണ്ടീഷൻസ്‌ ഉണ്ടായിരുന്നു.

1) കുട്ടിക്ക്‌ ഹോളിവുഡ്‌ സിനിമകളിൽ താൽപര്യവും, സബ്‌ ടൈറ്റിൽ ഇല്ലാതെ കാണാൻ കഴിവും വേണം

2) മാച്ച്‌ ഉള്ള ദിവസം തോളൊടു തോൾ ചേർന്ന് മാച്ച്‌ കാണാൻ തയ്യാറാവണം

നാട്ടിലെ കുട്ടികളിൽ പൊതുവെ കണ്ടുവരുന്ന ഗുണഗണങ്ങളായത്‌ കൊണ്ട്‌ പെണ്ണു കിട്ടാൻ വളരെ എളുപ്പമായിരുന്നില്ല എന്നു പ്രത്യെകം പറയേണ്ടതില്ലല്ലോ?.

പാരിയുടെ ആദ്യ പെണ്ണുകാണൽ ഏതാണ്ട് ഇങ്ങനെ ആയിരുന്നു

പാരി: കുട്ടി ടിവി കാണാലുണ്ടൊ ഐ മീൻ സിൽമ?

കുട്ടിയുടെ ഉപ്പ: പിന്നാ നമ്മള് പരസ്പരം സ്ത്രീധനം എല്ലം കാണലുണ്ട്‌

പാരി: അതല്ല ഹോളിവുഡ്‌ മൂവീസ്‌ മിഷൻ ഇംമ്പോസിബിൾ വൺ ടൂ ത്രീ, കണ്ടിട്ടുണ്ടോ അല്ലെങ്കിൽ ബ്രൂസ്‌ വിൽസിന്റെ ടോം ക്രൂയിസിന്റെ അതുമല്ലെങ്കിൽ ജോണി ഡപ്പിന്റെ വരുന്ന സിൽമകൾ ഒന്ന് വിടാതെ ഡോൺലൊഡ്‌ ചെയ്യാൻ തയ്യാറുണ്ടോ?

പെൺവീട്ടുകാർ വിളിക്കാമെന്ന് പറഞ്ഞു മടക്കി അയച്ചെങ്കിലും വിളിയൊന്നും കിട്ടിയില്ല,

ഒടുവിൽ കണ്ടീഷൻസ് ഓരോന്നായി കുറഞ്ഞു ഏതു പെണ്ണ് കിട്ടിയാലും കെട്ടാമെന്ന കണ്ടീഷൻ എത്തിയപ്പോൾ പാരിക്ക് പെണ്ണ് കിട്ടി.

കൃത്യം ഒരു വര്ഷം കഴിഞ്ഞപ്പോൾ ഒരു ദിവസം പുലർച്ചെ പാരിയുടെ കോൾ വന്നു ഉറക്കചട വിൽ ഫോൺ എടുത്ത എന്നോട് പാരി
“ഡാ Undisputed 2 വിലെ നായകൻറെ പേര് എന്നേനും.”

ഞാൻ: “സ്‌കോട്ട് ആഡ്കിൻസൻ” എന്തേനും ???

പാരി : “ഒന്നൂല്ല ഓള് പെറ്റു ആൺകുട്ടിയാണ് ”

പിന്നെ പോസ്റ്റ് ചെയ്ത ഒന്ന് രണ്ടു ഫോട്ടോകളിൽ പാരിയുടെ നെറ്റിക്ക് ഒരു ചെറിയ മുഴ ഉണ്ടായിരുന്നു . എന്തായാലും കുഞ്ഞന് പേരിട്ടത് അയ്മൻ എന്നാണു.( സ്കോട്ട് ആഡ്‌കിൻസ് പേര് നിർദേശിച്ചതിനു തലക്കിട്ടു അടിച്ചതാരാണെന്നു  ഇത്  വരെ പാരി പറഞ്ഞിട്ടില്ല ).

Leave a Reply