Uncategorized

ആസാദിലെ മുനി !!

സ്വാതന്ത്ര്യത്തിൻറെയും തിരിച്ചറിവിന്റെയും കാലമായിരുന്നു ആസാദ്‌ ഹോസ്റ്റലിലേത്‌.
പട്ടാണി കടല മാത്രം വെക്കുന്ന മെസ്സ്‌ മുതൽ പഴകി ദ്രവിച്ച ഗോവണി വരെ അത്‌ അടയാളപ്പെടുത്തുന്നുണ്ട്‌.
മൂപ്പനും ഇജുവും ശ്രിയേഷും നൗഫലും ചെങ്ങോടനും അസോവും എല്ലാം ആ കാലത്തിന്റെ നിറങ്ങളാണു.
ഒത്തുതീർപ്പുകൾക്ക്‌ ഇക്യുലിബ്രിയം പോയിന്റ്‌ കണ്ടെത്തിയിരുന്ന രഞ്ജിയും ഫ്രാൻസിയും പ്രായോഗികത കൊണ്ട്‌ അമ്പരപ്പിച്ചവരാണ് .
അദ്ധ്യാപനത്തിൽ അത്ഭുതം തീർക്കാൻ ആസാദിൽ നിന്നു പോയ ഷമീറും പ്രവീണും അബ്ദുവും സംഭവങ്ങൾ തന്നെയാണു.
ആത്മീയവാദി ഹരിയും അരാജകവാദി ആസിഫും ആസാദിന്റെ സാമൂഹ്യ ഘടനയെ ബാലൻസ്‌ ചെയ്തവരാണു.
ഗോസിപ്പുകൾ ചികഞ്ഞെടുത്ത മറ്റുരണ്ട്‌ പേർ ഇന്നു ഐ ബി ഓഫീസർമാരാണ് .
എന്നാൽ എല്ലാവരുടെയും സർക്കിളുകളിൽ സർക്കസ്‌ കളിച്ച എറ്റവും നിറമുള്ള ഓർമ്മ മുനിയാണു.
മുനി ഞാൻ ആദ്യമായി അടുത്തിടപഴകുന്ന കോൺഗ്രസ്സുകാരനാണ് . മുനിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ “പട്ടം താണുപിള്ളെന്റെ കാലത്ത്‌ കോൺഗ്രസ്സ്‌ ആയോലാണു ഞമ്മള്ള ഫാമിലി, അതിനി എത്ര വല്യോൻ പറഞ്ഞാലും മാറൂല”.
കോളേജ് വിസിറ്റിനു രാഹുൽ ഗാന്ധി വന്നപ്പോ പെർമിഷൻ കിട്ടാത്തത്‌ കൊണ്ട്‌ കരഞ്ഞ മുനി ഞങ്ങൾക്ക്‌ ചിരിയാണു ഉണ്ടാക്കിയതെങ്കിലും അവന്റെ കമ്മിറ്റ്‌മന്റ്‌ ഞങ്ങൾ മനസിലാക്കിയത്‌ അന്നാണു.
എന്തിനും ഏതിനും മാമച്ചൻ എന്ന സുരാജ്‌ കതാപാത്രം പോലെ ആയിരുന്നു മുനി. ഹോസ്റ്റലിൽ ആർക്ക്‌ എന്തു വേണമെങ്കിലും മുനി ഉണ്ട്‌. പക്ഷേ ആദ്യ ചോദ്യം ഇതായിരിക്കും ” എന്നാ ഇജ്ജ്‌ ക്വട്ടേഷൻ തന്നാളാ”.എന്നു വെച്ചാൽ കൈക്കൂലി പാരിതോഷികം . അത്‌ ക്വട്ടേഷന്റെ പ്രാധാന്യം പോലെ ഇരിക്കും. അവിൽ മിൽക്കിൽ കുറഞ്ഞതൊന്നും മൂപ്പർ എട്ക്കാറില്ല.
നമ്മുടെ റൂമിലെ കട്ടിലിന്റെ കാലൊടിഞ്ഞു എന്ന് കരുതുക. നേരെ പോവുക മുനിയെ കാണുക ഡീൽ ഉറപ്പിക്കുക. പിന്നെ ടെൻഷൻ വേണ്ട കട്ടിൽ റൂമിലെത്തൊയിരിക്കും. പഴയത്‌ മുനി കൊണ്ടോവുകയും ചെയ്യും.
  1. കട്ടിൽ, അല്ലറച്ചില്ലറ മെക്കാനിസം തുടങ്ങിയവക്ക്‌ – അവിൽ മിൽക്ക്‌
  2. ഫാൻ ,റ്റ്യൂബ്‌ ലൈറ്റ്‌ എന്നിവക്ക്‌ – പൊറൊട്ടയും ബീഫും.
ഇതായിരുന്നു മുനിയുടെ അന്നത്തെ സർവ്വീസ്‌ റേറ്റ്‌.
ഇനി ആർക്കെങ്കിലും അസുഖം വന്നെന്നു കരുതുക സഹായത്തിനു മുനി ഉണ്ട്‌. അത്‌ ഫ്രീ സർവ്വീസ്‌ ആണു. എത്ര വല്യ ക്യൂവും മുനി പോയാൽ മാറും. നീളൻ ക്യൂകൾക്ക്‌ അന്തകനാവാൻ ജനിച്ചവനായിരുന്നു മുനി.
ഒരു സംഭവം പറയാം.
ഒരിക്കൽ ഒരു പനി സീസണിൽ ഹോസ്റ്റലിലെ ഒരുത്തനെ മുനി ചുങ്കം റെഡ്‌ ക്രസ്ന്റിൽ കൊണ്ട്‌ പോയ കഥ ആസാദിലെ പാണന്മാർ ഇന്നും പാടി നടക്കുന്നുണ്ട്‌. പൂരത്തിനുള്ള ആളുകൾ നിക്കുന്ന ഹോസ്പിറ്റലിൽ മുനി നേരെ ഓപ്പിയിലെക്ക്‌ ചെന്നു
നേഴ്സ്‌ : പേരു
മുനി: ഷബീർ
നേഴ്സ്‌: വയസ്‌
മുനി:22
നേഴ്സ്‌ : സ്തലം
മുനി : ലക്ഷ്വദ്വീപ്‌!!!!!
നേഴ്സ്സ്‌ ഫ്ലാറ്റ്‌ . പിന്നെ മുനി കത്തികയറി കോളേജിൽ പഠിക്കാൻ വന്നിട്ട്‌ ഒരാഴ്ചയെ ആയുള്ളു കാലാവസ്ത പിടിചില്ല എന്നൊക്കെ . ആബാല വൃദ്‌ധം ജനവും വഴി മാറി മുനിയും ചെങ്ങായിയും ഡോക്റ്ററെ കണ്ടു.
മുനിയേ കുറിച്ചുള്ള മറ്റൊരു ഓർമ്മ ചക്ക മോഷണവുമായി ബന്ധപെട്ടാണു.
ഹോസ്റ്റലിനോട്‌ ചേർന്ന പറംബിൽ കുറെ ചക്ക ,സ്വന്തം വീട്ടിൽ നിന്ന് ചക്ക തിന്നാത്തവർക്ക്‌ പോലും ചക്ക തിന്നാൻ കൊതി. എല്ലാരും ചേർന്ന് മുനിയെ ശരണം പ്രാപിക്കുന്നു മണിക്കൂർ തികയും മുൻപ്‌ ഹോസ്റ്റലിൽ ചക്ക. ആസ്വദിച്ച്‌ തിന്നുമ്പോളാണ് വാർഡൻ അത്‌ വഴി കടന്നു പോയത്‌. ” മുനിയെ ചക്ക പറിക്കുമ്പോ ചോദിച്ചിട്ട് പറിക്കണം കേട്ടാ” എന്ന  ഉപദേശവും . “ചോയിച്ച്ക്ക് സാർ മുനി മറുപടി പറഞ്ഞു തിരിഞ്ഞു നടക്കുന്ന വാർഡനെ നോക്കി മുനി മൊഴിഞ്ഞു പക്ഷെ ഓറു കേട്ട്ക്കോന്നു അറീല!!!.
ആസാദിലുള്ളവരുടെ ജീവിതത്തിനു നിറം നൽകിയ മുനി ഇപ്പോ  PSC സെന്റർ നടത്തി ഒരുപാട്‌ പേരുടെ സ്വപ്നങ്ങൾക്ക്‌ നിറം നൽകുന്നു.
മുനി നീ ഇല്ലായിരുന്നെങ്കിൽ ആസാദ്‌ എത്രമാത്രം മടുപ്പുണ്ടാക്കിയേനേ???

Leave a Reply